സെൻ്റ് തോമസ് കത്തീഡ്രൽ

ഒരു ഹ്രസ്വ ചരിത്രം

മലങ്കര സഭാ ചരിത്രത്തിലെ മുളന്തുരുത്തി സുന്നഹദോസിന് (1876) ശേഷം രൂപീകൃതമായ കണ്ടനാട് ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലിത്തയായി മുറിമറ്റത്തിൽ അഭി. പൗലോസ് മാർ ഈവാനിയോസ് (പിന്നീട്, പരി. ബസേലിയോസ് പൗലോസ് പ്രഥമൻ കാതോലിക്കാ ബാവ) ചുമതല ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ ശ്രമഫലമായി 1898 ൽ മുവാറ്റുപുഴ അരമനയും സെൻ്റ്.തോമസ് കത്തീഡ്രലും സ്ഥിതി ചെയ്യുന്ന സ്ഥലം ഭദ്രാസന കേന്ദ്രം സ്ഥാപിക്കുന്നതിനായി വാങ്ങിച്ചു.

Bird’s eye view of the cathedral in Muvattupuzha.

പുതിയ ദേവാലയം കൂദാശ ചെയ്യുന്നു

1931 കാലഘട്ടത്തിൽ മൂവാറ്റുപുഴ പട്ടണത്തിൽ ജോലിക്കും കച്ചവടത്തിനുമായി താമസിച്ചിരുന്ന സഭാംഗങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഒരു ദൈവാലയം പണികഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാരക്കുന്നത്ത് പുക്കുന്നേൽ ദിവ്യശ്രി. ജോസഫ് കത്തനാരുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ മാരേക്കാട്ട് ജോസഫ് വക്കീൽ, കോഴയ്ക്കാട്ട് തോട്ടത്തിൽ മത്തായി, നെല്ലിക്കൽ കുടുംബാംഗങ്ങൾ, കോട്ടക്കുടിയിൽ പൈലി, കട്ടയ്ക്കൽ യോഹന്നാൻ വക്കീൽ, നടുവിലേ വീട്ടിൽ എൻ.പി. യോഹന്നാൻ തുടങ്ങിയവർ സംബന്ധിച്ചു. ഇതിനെത്തുടർന്ന് പള്ളി പണിയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചു. തുടർന്ന് അന്ന് കണ്ടനാട് ഭദ്രാസന മെത്രാപോലിത്ത ആയിരുന്ന ഔഗേൻ മാർ തീമോത്തിയോസ് തിരുമേനി 1934 ൽ മുവാറ്റുപുഴ പുരയിടത്തിലെ ചെറിയൊരു കെട്ടിടത്തിലേക്ക് താമസം മാറ്റി. ഇത് പള്ളി പണി ദ്രുതഗതിയിലാക്കുകയും 1937 ചിങ്ങം 15 ന് പണികൾ തീർത്ത് ദിവ്യബലി അർപ്പിക്കുകയും ചെയ്തു. പള്ളി പണിക്ക് മൂവാറ്റുപുഴ പ്രദേശത്തുള്ള വൈദികരുടെയും അത്മായരുടെയും സഹകരണം ലഭിക്കുകയുണ്ടായി. ദേവാലയത്തിൻ്റെ പണികൾ പൂർത്തിയാക്കി 1941 ഡിസംബർ 21 -ാം തീയതി മാർത്തോമ്മ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ദിവസം വി. മാർത്തോമ്മാ ശ്ലീഹായുടെ നാമത്തിൽ ദേവാലയം കൂദാശ ചെയ്തു .

1942 ൽ ഈ ദൈവാലയത്തിൽ ചേർന്ന കണ്ടനാട് ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം സഭയുടെ ഐക്യം ലക്ഷ്യമിട്ട് പൗരസ്ത്യ കാതോലിക്കേറ്റിനെ സ്വീകരിക്കാൻ തീരുമാനിച്ചു . എങ്കിലും പിന്നീട് ഭദ്രാസനത്തിലെ മിക്ക പള്ളികളും പൊതുയോഗ തീരുമാനത്തിൽ നിന്ന് പിന്മാറിയതിനാൽ ഐക്യശ്രമം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാനായില്ല.

കത്തീഡ്രൽ സെമിത്തേരി

1948 ൽ മാരേക്കാട്ട് ജോസഫ് വക്കീൽ, കട്ടയ്ക്കൽ യോഹന്നാൻ വക്കീൽ എന്നിവരുടെ ശ്രമഫലമായി ഇടവകയുടെയും ഭദ്രാസനത്തിൻ്റെയും ആവശ്യത്തിലേക്ക് സെമിത്തേരിക്കുള്ള സ്ഥലം മൂവാറ്റുപുഴ പട്ടണത്തോട് ചേർന്ന് അരക്കുഴ റോഡിൻ്റെ വശത്തായി കണ്ടെത്തി ഔഗേൻ മാർ തീമേത്തിയോസ് മെത്രാപോലീത്താ പേർക്ക് വാങ്ങിച്ചു . ഇത് തുടർന്നുള്ള ദേവാലയത്തിൻ്റെ വളർച്ചയിൽ നിർണായകമായ പങ്ക് വഹിച്ചു.

മലങ്കര സഭാ സമാധാനം

മലങ്കര സഭാക്കേസിലെ 1958 ലെ കോടതിവിധി പ്രകാരം സഭയിൽ ഐക്യം ഉണ്ടാവുകയും 1964 ൽ അന്ത്യോഖ്യ പാത്രിയർക്കീസ് മലങ്കരയിൽ വന്ന് ഔഗേൻ മാർ തീമോത്തിയോസ് തിരുമേനിയെ പൗരസ്ത്യ കാതോലിക്ക ആയി വാഴിക്കുകയും ചെയ്തതോടെ മലങ്കര സഭയിൽ ഐക്യവും സമാധാനവും നിലവിൽ വന്നു . ഇതേത്തുടർന്ന് പാത്രിയർക്കീസ് വിഭാഗത്തിൽ അന്നുണ്ടായിരുന്ന പൗലോസ് മാർ ഫിലക്സിനോസ് മെത്രാപ്പോലിത്ത കണ്ടനാട് ഭദ്രാസന ഇടവകയുടെ മെത്രാപ്പോലീത്തയായി ചുമതലയേറ്റെടുത്തു. ഇതിനോടകം മൂവാറ്റുപുഴ അരമനയുടെ ആദ്യ നിലയുടെ പണികൾ പൂർത്തിയാക്കി ഔഗേൻ തിരുമേനി ഇവിടെ താമസം ആരംഭിച്ചിരുന്നു. ഔഗേൻ തിരുമേനി കാതോലിക്കാ ബാവായായി കോട്ടയം ദേവലോകം അരമനയിലേക്ക് താമസം മാറ്റിയ ശേഷം പൗലോസ് മാർ പീലക്സിനോസ് മെത്രാപ്പോലിത്ത മൂവാറ്റുപുഴ അരമനയിൽ താമസമാക്കി ഭദ്രാസന ഭരണം ആരംഭിച്ചു.

മലങ്കര സഭയിൽ 1970 കളുടെ മധ്യത്തിൽ നിർഭാഗ്യകരമായ ഭിന്നത പിന്നെയും ഉടലെടുത്തു . ഇടവക മെത്രാപ്പോലീത്തയായിരുന്ന ഫിലക്സിനോസ് മെത്രാപ്പോലീത്ത 1975 സെപ്റ്റംബർ 7 ന് പാത്രിയർക്കീസ് വിഭാഗത്തിൻ്റെ കാതോലിക്കയായി അവരോധിക്കപ്പെട്ടു . തുടർന്നുള്ള കാലഘട്ടം അദ്ദേഹത്തിൻ്റെ ആസ്ഥാന ദേവാലയമായി ഇത് നിലകൊണ്ടു.

1978 ൽ പള്ളിയുടെ മേൽക്കൂര തകർന്നുവീണു . ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തിൽ കേടുപാടുകൾ പോക്കുകയും ദൈവാലയം കൂടുതൽ ബലപ്പെടുത്തുകയും ചെയ്തു .

കത്തീഡ്രൽപ്പള്ളിയുടെ ആധുനിക കാലഘട്ടം

1990 മെയ് 3 ന് ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലിത്തായെ ഈ ദൈവാലയത്തോട് ചേർന്നുള്ള സ്ഥലത്ത് ക്രമീകരിച്ച താത്ക്കാലിക മദ്ബഹയിൽ വെച്ച് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു . ഇതോടുകൂടി കത്തീഡ്രൽപ്പള്ളിയുടെ പുതിയൊരു ചരിത്ര കാലഘട്ടം ആരംഭിച്ചു.

A photograph of the old church building.

പള്ളിയുടെ ആരംഭകാലം മുതൽ തന്നെ കത്തീഡ്രൽ ദേവാലയത്തിൻ്റെ ദൈനംദിന ഭരണ നിർവ്വഹണം ഭദ്രാസന ഓഫിസിൽ നിന്ന് നേരിട്ട് നിർവ്വഹിച്ച് വരികയായിരുന്നു . എന്നാൽ അഭി. തിരുമേനിയുടെ കല്പനപ്രകാരം 1998 ജനുവരി മുതൽ ഇടവക മെത്രാപ്പോലീത്തായാൽ നിയമിക്കപ്പെടുന്ന വികാരിയും ഫൈനാൻസ് സൂപ്രണ്ടും ചേർന്ന് പള്ളിയുടെ ദൈനംദിന വരവ്- ചിലവ് കണക്കുകളും ഭരണപരമായ മറ്റ് പ്രവർത്തനങ്ങളും നടത്തുവാൻ ആരംഭിച്ചു. ഇതനുസരിച്ച് താഴെ പേരെഴുതിയിരിക്കുന്നവർ 1998 മുതൽ 2004 വരെ ഫൈനാൻസ് സൂപ്രണ്ട് ന്മരാരായി സേവനം അനുഷ്ഠിച്ചു.

  • ശ്രീ.റ്റി. കെ. ജോൺ, ഗ്രേസ് വില്ല
  • ശ്രി. കെ. കെ. ഉതുപ്പ്, പുളിക്കീൽ
  • ശ്രി. കെ. എ. ജോൺ, കളരിക്കൽ
  • ശ്രി. മാത്യു കൂവപ്ലാക്കൽ
  • ശ്രിമതി. ഏലിയാമ്മ വറുഗീസ്, മോഹനവിലാസ്
  • ശ്രി. പി. വി. ഉലഹന്നാൻ, വൻപിള്ളിപ്പുത്തൻപുര

01-02-2004 മുതൽ ഇടവക മെത്രാപ്പോലിത്ത തീരുമേനി കല്പന പ്രകാരം പള്ളിയുടെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങൾ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഒരു അഡ്വൈസറി കമ്മറ്റിയെ അഭി. തിരുമേനി നിയമിച്ചു. ഇതനുസരിച്ച് താഴെ പേരെഴുതിയിരിക്കുന്നവർ പള്ളിയുടെ ഫൈനാൻസ് സൂപ്രണ്ടന്മാരായും സെക്രട്ടറിമാരായും 2004 മുതലുള്ള കാലഘട്ടത്തിൽ ചുമതല നിർവ്വഹിച്ചു.

  • ശ്രി. പി.വി. ജോസഫ്, പാപ്പാലിൽ (FS)
  • ശ്രി. സി.വി. പൗലോസ്, ചിലമ്പിക്കോടൻ (ട)
  • ശ്രി. വി.സി. ജേക്കബ്, വടക്കേമുട്ടപ്പിള്ളിൽ (FS)
  • ശ്രി. സജി ജോൺ, നീറുന്താനത്ത് (S)
  • ശ്രി. ബാലു വർഗീസ്, പാറേക്കാട്ട് (FS)
  • ശ്രി. സജി ജോൺ, നീറുന്താനത്ത് (ട)
  • ശ്രി. ബേബി ചെറിയാൻ, മറ്റമന (FS)
  • ശ്രി. വിവിൻ പോൾ, കുളങ്ങര (S)
  • ശ്രി. എൽദോ വർഗീസ്, താമരപ്പിള്ളിൽ (FS)
  • ശ്രി. വിവിൻ പോൾ, കുളങ്ങര (S)

പള്ളിയുടെ പ്രധാന ചുമതലക്കാരായി ഇവരും ഇവരോട് ചേർന്ന് നിയമിക്കപ്പെട്ട കമ്മറ്റിയംഗങ്ങളും വളരെ അനുഗ്രഹീതമായ ശുശ്രൂഷ കഴിഞ്ഞ കാലഘട്ടങ്ങളിൽ നിർവ്വഹിച്ചു.

മേൽപ്പറഞ്ഞ ക്രമീകരണം അനുസരിച്ച് ഇടവക മെത്രാപ്പോലീത്തായാൽ നിയമിക്കപ്പെടുന്ന ഫിനാൻസ് സൂപ്രണ്ടും ഭരണസമിതിയും പള്ളി വികാരിയുടെ നേതൃത്വത്തിൽ ഇടവക ഭരണം നിർവഹിച്ചു. 60 കുടുംബങ്ങളോളം കൂടിവന്നിരുന്ന ദൈവാലയത്തിൽ ഇന്ന് മുന്നൂറിലധികം കുടുംബങ്ങൾ അംഗങ്ങളായി ഉണ്ട് . അതോടൊപ്പം എല്ലാ ഞായറാഴ്ചയും രണ്ട് സമയങ്ങളിലായി (6.30 AM, 8.30 AM ) വി. കുർബ്ബാന അനുഷ്ഠിക്കാൻ ആരംഭിക്കുകയും ചെയ്തു . 1997 ലും 2000 ലും വിവിധ നിലയിലുള്ള പള്ളിയുടെ വിപുലീകരണം അന്നത്തെ വികാരിമാരായിരുന്ന ഫാ. ഡോ എ . റ്റി എബ്രഹാം , ഫാ. സജി തോമസ് , ഫാ . മാത്യൂസ് കാഞ്ഞിരംപാറ എന്നിവരുടെ നേതൃത്വത്തിൽ നടന്നു .

ഇടവകയിലെ മുൻ വികാരിമാർ

  1. ഓണാട്ടുതോട്ടത്തിലച്ചൻ
  2. ഫാ. ജോസഫ് കുറ്റിപ്പിലയ്ക്കൽ
  3. ഫാ.പൗലോസ് പാലപ്പിള്ളിൽ
  4. ഫാ. ഐസക്ക് പുതുശ്ശേരിൽ
  5. ഫാ. ജോസഫ് കുറ്റിപ്പുഴ
  6. ഫാ. ജോസഫ് വെള്ളിയമ്മാരിൽ
  7. ഫാ. ഗീവറുഗീസ് ചെമ്മനം
  8. ഫാ. ഏ.എം. ജോബ്
  9. ഫാ. എബ്രാഹം വാലയിൽ
  10. ഫാ. ഗീവറുഗീസ് കൊല്ലംകുടി
  11. ഫാ. കുര്യാക്കോസ് കോച്ചേരിൽ കോർ എപ്പിസ്ക്കോപ്പ
  12. ഫാ. എം.കെ. തോമസ്
  13. ഫാ.ചെറിയാൻ പുതികോട്ട്
  14. ഫാ. ഡോ. ഏ. പി. ജോർജ്
  15. ഫാ. ജോൺ കോർ എപ്പിസ്ക്കോപ്പ, മണ്ണാത്തിക്കുളം
  16. ഫാ. ജോൺ വള്ളിക്കാട്ടിൽ
  17. ഫാ. മേരിദാസ് സ്റ്റീഫൻ
  18. ഫാ. എബ്രാഹം കാരാമ്മേൽ
  19. ഫാ.സജി തോമസ്
  20. ഫാ.ഡോ. ഏ.റ്റി. ഏബ്രാഹം
  21. ഫാ.മാത്യൂസ് കാഞ്ഞിരംപാറ
  22. ഫാ. ഏലിയാസ് കുറ്റിപറിച്ചേൽ
  23. ഫാ. എബിൻ എബ്രാഹം
  24. ഫാ. എഡ്വേർഡ് ജോർജ്
  25. ഫാ. ബിനോയ് ജോൺ
  26. ഫാ. ഷിബു കുര്യൻ
  27. ഫാ. ഡോ. അഗസ്റ്റിൻ മാത്യു

ദേവാലയ പുനർനിർമ്മാണം

ഇടവകാംഗങ്ങൾ വർദ്ധിച്ചു വന്നതോടെ പള്ളി പുതുക്കി പുതിയത് നിർമ്മിക്കേണ്ട ആവശ്യം വന്നുചേർന്നു . 2010 ഫെബ്രുവരി 27 ന് പുതിയ ദൈവാലയത്തിന്റെ അടിസ്ഥാനശില അർമ്മേനിയൻ കാതോലിക്കോസ് ആരാം I കെഷീഷിയാൻ ആശീർവദിച്ചു.

His Holiness Aram I Keshishian blessing the foundation stone of the new church building

ഇതിന് ശേഷം പുതിയ പള്ളി പണി ആരംഭിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ വികാരി ഫാ. എഡ്വേർഡ് ജോർജിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു . പള്ളി പണിയുടെ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരാമേൽ, വികാരി ഫാ. എഡ്വേർഡ് ജോർജ്, കൺവീനറായി ശ്രി കെ. പി. ഐസക് കുളങ്ങര (2011 – 2013), ശ്രി. ഏ. പി. സെൽവിൻ (2013 – 2017) എന്നിവർ സേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തിൽ സഹ വികാരിമാരായിരുന്ന ഫാ. കെ. വി. ഏലിയാസ്, ഫാ എബിൻ എബ്രഹാം, ഫാ ബിനോയ് ജോൺ, ഫൈനാൻസ് സൂപ്രണ്ട്മാർ ആയിരുന്ന ശ്രീ വി. സി. ജേക്കബ്, ശ്രീ ബാലു വ്ർഗീസ്, പള്ളിയുടെ സെക്രട്ടറി ശ്രീ സജി ജോൺ, നിർമ്മാണക്കമ്മറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് പള്ളി പണിയുടെ ചുമതല നിർവ്വഹിച്ചു. 2016 അവസാനത്തോടെ പണികൾ പൂർത്തീകരിച്ച് 2017 ഫെബ്രുവരി 17, 18 തീയതികളിലായി പള്ളിയുടെ കൂദാശ നിർവ്വഹിച്ച് പുതിയ പള്ളിയിൽ ആരാധന ആരംഭിച്ചു.

ഇപ്പോൾ പള്ളിയുടെ വികാരിയായി ഫാ. എബ്രഹാം കാരാമേൽ, ഫാ.സിബി മാത്യു വർഗീസ് (സഹവികാരി) എന്നിവർ സേവനമനുഷ്ഠിക്കുന്നു. ഫൈനാൻസ് സൂപ്രണ്ടിന്റായി ശ്രി. ബെയ്സി ജോർജും, സെക്രട്ടറിയായി ശ്രി. എൽദോസ് ജോണും സേവനം അനുഷ്ഠിക്കുന്നു.

Scroll to Top