Finance Committee Report 2023-25

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന കത്തീഡ്രൽ ദേവാലയമായ സെന്റ് തോമസ് കത്തീഡ്രൽ അനുഗ്രഹീതമായ ഒരു പ്രവർത്തന കാലഘട്ടം കൂടി പിന്നിടുകയാണ്. ഇടവയിലെ മുഴുവൻ കുടുംബങ്ങളുടെയും നിർലോഭമായ പ്രാർത്ഥനകൊണ്ടും സഹകരണംകൊണ്ടും ആത്മീയപാതയിൽ അനുദിനം മുന്നേറാൻ മൂവാറ്റുപുഴ പട്ടണത്തിലെ സഭയുടെ ഒരു ഇടവക എന്ന നിലയിൽ നമുക്ക് സാധിക്കുന്നുണ്ട്. 2022 ജനുവരി മുതൽ 2025 വരെയുള്ള ഹൃസ്വമായ പ്രവർത്തന റിപ്പോർട്ട് ഇടവകയിലെ മുഴുവൻ അംഗങ്ങളുടെയും അറിവിലേയ്ക്കായി സമർപ്പിക്കുന്നു.

വി. കുർബാന

ഞായറാഴ്ച്‌ചകളിൽ രണ്ട് വി. കുർബാനകളാണ് അനുഷ്‌ഠിക്കുന്നത്. ആദ്യത്തെ വി. കുർബാന രാവിലെ 5.45 ന് പ്രഭാതപ്രാർത്ഥയും 6.30 ന് വി. കുർബാനയും, രണ്ടാമത്തെ വി. കുർബാന 8.00 ന് പ്രഭാതപ്രാർത്ഥനയും 8.30 ന് വി. കുർബാനയും എന്ന നിലയിലാണ് ആരംഭിക്കുന്നത്. ഇതുകൂടാതെ എല്ലാ ശനിയാഴ്ച്‌ചകളിലും രാവിലെ 6.30 ന് പ്രഭാതപ്രാർത്ഥനയും 7.00 ന് വി. കുർബാനയും ക്രമീകരിക്കുന്നുണ്ട്. ഞായറാഴ്‌ചത്തെ വി. കുർബാനയ്ക്കുശേഷം ലഘുഭക്ഷണവും കഞ്ഞി നേർച്ചയും മുടക്കം കൂടാതെ നൽകിവരുന്നു. ഓരോ ഞായറാഴ്‌ചകളിലെയും ഭക്ഷണത്തിന് ആവശ്യമായുള്ള പണം ഇടവകയിലെ ഓരോ ഭവനങ്ങളിൽ നിന്നും വഴിപാടായി ലഭിച്ചുവരുന്നു. നമ്മുടെ ആരാധനാ ജീവിതത്തിൽ വി. കുർബാനയിലും വചനശുശ്രൂഷയിലുമുള്ള ഇടവകാംഗങ്ങളായ എല്ലാവരുടെയും പങ്കാളിത്തം ഇനിയും കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. ആരാധനജീവിതവും അതിനുവേണ്ടിയുള്ള സമർപ്പണവും കൂടുതൽ കരുത്താർജ്ജിക്കാൻ ഇടവക ഒന്നടങ്കം പ്രാർത്ഥനാപൂർവ്വം പരിശ്രമിക്കണം.

പ്രാർത്ഥനായോഗങ്ങൾ

കത്തീഡ്രൽ ഇടവകയിൽ 6 ഏരിയ പ്രാർത്ഥനായോഗങ്ങൾ സജീവമായി പ്രവർത്തിച്ചുവരുന്നു. ഓരോ ഞായറാഴ്ച്‌ചകളിലും ഓരോ ഏരിയാകളിൽ വിവിധ ഭവനങ്ങളിൽ മാറിമാറി പ്രാർത്ഥനായോഗങ്ങൾ മുടക്കംകൂടാതെ നടന്നുവരുന്നു. എല്ലാ ഞായറാഴ്‌ചകളിലും ഉച്ചകഴിഞ്ഞ് 3 മണി മുതൽ 4 മണി വരെയാണ് യോഗം നടക്കുന്നത്. അതാത് ഏരിയാകളിൽ പ്രാർത്ഥനായോഗങ്ങൾ നടക്കുമ്പോൾ ആ പ്രദേശത്ത് താമസിക്കുന്ന മുഴുവൻ കുടുംബാംഗങ്ങളും മീറ്റിംഗിൽ സംബന്ധിക്കുന്നത് ഇടവകയിലെ അംഗങ്ങൾ തമ്മിലുള്ള പരസ്‌പര സൗഹൃദത്തിനും കൂട്ടായ്മയ്ക്കും വിശ്വാസജീവിതത്തിലെ വളർച്ചയ്ക്കും സഹായകമാകുന്നു.

ഓരോ പ്രാർത്ഥനാ ഗ്രൂപ്പുകളുടെയും സുഗമമായ നടത്തിപ്പിന് വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ കമ്മിറ്റിയംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തിട്ടുള്ളതും അവരുടെ നേതൃത്വത്തിൽ പ്രാർത്ഥനായോഗത്തിൻ്റെ വിവിധ പ്രവർത്തനങ്ങളായ യോഗങ്ങൾ സംഘടിപ്പിക്കുക, വിവിധ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക, ഭവനസന്ദർശനം നടത്തുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നത്. പ്രാർത്ഥനായോഗത്തിൻ്റെ നേതൃത്വം ഏറ്റെടുത്ത് അതിനായി സമയം കണ്ടെത്തി പ്രവർത്തിക്കുന്നവരെ ഈ സമയം നന്ദിയോടെ ഓർക്കുന്നു.

ആത്മീയ പ്രസ്ഥാനങ്ങൾ

കത്തീഡ്രൽ ഇടവകയിൽ സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളായ സൺഡേസ്‌കൂൾ, മർത്തമറിയം, വനിതാസമാജം, എൽഡേഴ്‌സ് ഫോറം, യുവജനപ്രസ്ഥാനം, പ്രാർത്ഥനായോഗം എന്നിവ തികച്ചും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്‌ചവയ്ക്കുന്നത്. മേൽപ്പറഞ്ഞ ഓരോ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നവരെയും പ്രവർത്തകരെയും നന്ദിയോടെ ഓർക്കുന്നു. (വിശദമായ റിപ്പോർട്ട് ചേർക്കുന്നുണ്ട്)

ജീവകാരുണ്യ പ്രവർത്തനങ്ങൾ

2022-2025 മാർച്ചുവരെയുള്ള മുൻ അഡ്വൈസറി കമ്മിറ്റിയുടെ കാലഘട്ടത്തിൽ വിവിധ നിലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നിർവ്വഹിക്കുവാൻ ഇടവകയ്ക്ക് കഴിഞ്ഞു. ഓരോ ജീവകാരുണ്യ മേഖലകളിൽ പള്ളികളിൽ നിന്ന് അനുവദിച്ച സഹായങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

ചികിത്സാസഹായം 4,89,050/-
കിഡ്‌നി മാറ്റിവയ്ക്കൽ 2,00,000/-
വിദ്യാഭ്യാസ സഹായം 1,40,000/-
വിവാഹ സഹായം1,45,000/-
ഭവന സഹായം 9,36,047/-
പെൻഷൻ സ്ക‌ീം 95,000/-
ആകെ20,05,097/-

ക്രിസ്തീയ സ്നേഹത്തിൽ ആവശ്യക്കാരിലേക്ക് സഹായങ്ങൾ എത്തിച്ചുകൊടുക്കാൻ ഈ ഇടവകയ്ക്ക് സാധിച്ചത് വലിയൊരു ദൈവാനുഗ്രഹമായി കരുതുന്നു. ഈ സഹായങ്ങൾക്കുള്ള പണം ഇടവകാംഗങ്ങളിൽ നിന്ന് അവരുടെ വരുമാന ദശാംശം ആയും ഇതരനിലയിലുമുള്ള സഹായങ്ങളുമായാണ് കണ്ടെത്തിയത്.

ജീവകാരുണ്യ പ്രവർത്തനങ്ങിൽ ശ്രദ്ധയുന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ഇപ്പോഴും കാര്യക്ഷമമായി ഏറ്റെടുത്ത് ഇടവക മുന്നോട്ടുകൊണ്ടുപോകുന്നു. തികച്ചും മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഇടവകജീവിതത്തെ ദീപ്‌തമാക്കിയ മുൻ അഡ്വൈസറി കമ്മിറ്റിയംഗങ്ങളോടും ഇപ്പോൾ പ്രവർത്തിക്കുന്ന അഡ്വൈസറി കമ്മിറ്റിയംഗങ്ങളോടുമുള്ള നന്ദി രേഖപ്പെടുത്തുന്നു.

വൈദിക നിയമനങ്ങൾ

സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയുടെ ആധുനിക ചരിത്രത്തിൽ നിർണ്ണായകമായ കാലഘട്ടം പൂർത്തിയാക്കി ഫാ. എഡ്വേർഡ് ജോർജ് പുറ്റാനിൽ 2020 ഓഗസ്റ്റ് 31 ന് ഇടവക വികാരിയുടെ ചുമതലയിൽ നിന്ന് മാറി 2020 സെപ്റ്റംബർ 1 മുതൽ പതപ്പിള്ളിൽ ഫാ. ഷിബു കുര്യൻ വികാരിയായി ചുമതല ഏറ്റെടുത്തു. തുടർന്നുള്ള കാലഘട്ടം ഫാ. ഷിബു കുര്യൻ വികാരിയായും ഫാ. അഗസ്റ്റിൻ മാത്യു പുല്ലുകാല അസി. വികാരിയായും പള്ളിയുടെ ചുമതല നിർവ്വഹിച്ചു. 2021, 2022 കാലഘട്ടത്തിൽ ലോകം മുഴുവനും പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സഭാജീവിതവും ആരാധനാജീവിതവും വലിയ വെല്ലുവിളി നേരിട്ട സാഹചര്യത്തിൽ ബഹു. അച്ചൻ ദേവാലയത്തിലെ ആരാധനകളും പ്രാർത്ഥനകളും ഇടവക ശുശ്രൂഷയും അഭംഗുരം നിർവ്വഹിക്കുകയും ഇടവക സമുഹത്തെ വിശ്വാസജീവിതത്തിൽ ഉറപ്പിച്ചുനിർത്തി കർതൃശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്തു. തുടർന്ന് 2022 ഓഗസ്റ്റ് 15 മുതൽ ഫാ. ഷിബു കുര്യൻ വികാരി സ്ഥാനത്തുനിന്ന് മാറി ഫാ. എബ്രഹാം കാരാമേൽ തത് സ്ഥാനത്ത് നിയമിതനായി. കത്തീഡ്രൽ ഇടവകയിലെ അംഗവും ദീർഘനാൾ ഈ ഇടവകയെ ശുശ്രൂഷിക്കുകയും ചെയ്‌ത ഫാ. അഗസ്റ്റിൻ മാത്യു പുല്ലുകാല 2023 ഒക്ടോബർ 1 മുതൽ സഹവികാരി സ്ഥാനത്തുനിന്ന് മാറുകയും ഫാ. സിബി മാത്യു വർഗീസ് ഇടവകയുടെ സഹപട്ടക്കാരനായി ചുമതല ഏറ്റെടുക്കുകയും ചെയ്തു.

ഇടവകയുടെ വിവിധ കാലഘട്ടങ്ങളിൽ പള്ളിയുടെ അദ്ധ്യാത്മികമായ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ച വൈദികശ്രേഷ്‌ഠരെ നന്ദിപൂർവ്വം ഓർക്കുകയും ആദരങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. ഇതിനായി അധ്വാനിച്ച 2022-2025 വർഷത്തെ അഡ്വൈസറി കമ്മിറ്റിയംഗങ്ങളോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഇടവക വികസന ഫണ്ട്

കത്തീഡ്രൽ പള്ളിയുടെ വികസനത്തിനും വളർച്ചയ്ക്കും വേണ്ടി ഇടവകാംഗങ്ങളെ ഉൾപ്പെടുത്തി 2022 മുതൽ ഒരു മ്യൂച്ചൽ ബെനിഫിറ്റ് സ്‌കീം (ചിട്ടി) അഡ്വൈസറി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഇതനുസരിച്ച് 10,11,223/- രൂപ പള്ളിയുടെ ഫണ്ടായി സ്വരൂപിക്കുവാൻ സാധിച്ചു. ഇതിനായി അധ്വാനിച്ച 2022-2025 വർഷത്തെ ചുമതലക്കാരോടും കമ്മിറ്റിയംഗങ്ങളോടും നന്ദി രേഖപ്പെടുത്തുന്നു.

സൗണ്ട് സിസ്റ്റം

ആരാധനയും പള്ളിയുടെ മറ്റ് പ്രവർത്തനങ്ങളും മനോഹരമാക്കുന്നതിൻ്റെ ഭാഗമായി പള്ളിക്ക് പുതിയ സൗണ്ട് സിസ്റ്റം വാങ്ങിക്കുവാൻ സാധിച്ചു. ഇതിനായി സംഭാവന നൽകി സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു.

കുരിശ് പള്ളി

ഈ ഇടവകയിലെ അംഗം കാട്ടുപ്പാടത്ത് ശ്രീ. ബേബി കുര്യൻ ദാനമായി തന്ന അടുപ്പറമ്പ്-കിഴക്കേക്കര റോഡിൻ്റെ വശത്തായി സ്ഥാപിച്ച കുരിശും സ്ഥലവും പള്ളിയുടെ പേരിലേക്ക് ആധാരംചെയ്ത് വാങ്ങിച്ചു. ഈ സ്ഥലും കുരിശും വിശ്വാസികൾക്ക് പ്രാർത്ഥിക്കുന്നതിനുവേണ്ടി ഉചിതമായി പുനർനിർമ്മിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിനായി വസ്‌തു ദാനമായിത്തന്നെ ആ കുടുംബത്തോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഓഫീസ് ഡിജിറ്റലൈസേഷൻ & വെബ്സൈറ്റ്

ഇടവകയിലെ മുഴുവൻ അംഗങ്ങളുടെയും കുടുംബ വിവരങ്ങൾ പൂർണ്ണമായി കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനും ബില്ലിംഗും മറ്റ് ഓഫീസ് ജോലികളും അതനുസരിച്ച് ക്രമീകരിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾ 2023 മുതൽ ആരംഭിച്ചിരുന്നു. ഇപ്പോൾ അത് ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. അംഗങ്ങളുടെ പരിപൂർണ്ണ വിവരങ്ങൾ, കുട്ടിച്ചേർക്കലുകൾ, ഒഴിവാക്കലുകൾ എന്നീ കാര്യങ്ങൾ ആണ് നടന്നുവന്നത്. ഇതിനായി അധ്വാനിച്ച കമ്മിറ്റിയംഗങ്ങളോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഇടവകയുടെ മുഴുവൻ അംഗങ്ങളിലേക്കും ഇടവക സംബന്ധിച്ച വാർത്തകളും വിശേഷങ്ങളും എത്തിക്കുന്നതിനും അതുവഴി കൂട്ടായ്‌മ വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഒരു ഇടവക വെബ്സൈറ്റ് ആരംഭിക്കുന്നതിനുവേണ്ടിയുള്ള പ്രാഥമിക ശ്രമങ്ങൾ മുൻ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ചിരുന്നു. ഇതിനായി പീടികക്കുടിയിൽ ശ്രീമതി ജിഷ അനിൽ നിർവ്വഹിച്ച സേവനങ്ങളെ നന്ദിയോടെ ഓർക്കുന്നു. ഇപ്പോൾ വെബ്സൈറ്റ് ജോലികൾ ഏതാണ്ട് മുഴുവനായി പൂർത്തിയായിരിക്കുകയാണ്. ഈ ജോലികൾ കാര്യക്ഷമമായി നേതൃത്വം നൽകി ഈ പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തിച്ച രാമനാട്ട് ശ്രീ. ഡേവിസ് ജോണിനോടുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഇടവകയിലെ പെരുന്നാളുകൾ

സെൻ്റ് തോമസ് കത്തീഡ്രലിൽ പരി. ദൈവമാതാവിൻ്റെ ശുനോയോ പെരുന്നാൾ (ആഗസ്റ്റ് 15), വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ (മെയ് രണ്ടാം വെള്ളി, ശനി). വി. മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ (ഡിസംബർ 20, 21) എന്നീ പെരുന്നാളുകൾ ഭക്തിപൂർവ്വം ആഘോഷിച്ചുവരുന്നു. ഇടവകയിൽ ആഘോഷിക്കുന്ന പെരുന്നാളുകൾ ഇടവകാംഗങ്ങൾ ഓഹരികൾ എടുത്താണ് നടത്തിവരുന്നത്.

2024 ലെ പള്ളിയുടെ പെരുന്നാൾ 2024 ഡിസംബർ 15 മുതൽ 22 വരെ ആഘോഷമായി നടത്തുകയുണ്ടായി. ഡിസംബർ 15 ഞായറാഴ്‌ച ഭദ്രാസന സെക്രട്ടറി ഫാ. എബിൻ എബ്രഹാം വി.കുർബ്ബാന അർപ്പിച്ച് പെരുന്നാൾ കൊടിയേറ്റി ശുശ്രുക്കൾക്ക് തുടക്കം കുറിച്ചു. 21-ാം തീയതി ശനിയാഴ്ച‌ ഇടവകയുടെ ആഭിമുഖ്യത്തിൽ ഭദ്രാസനത്തിൻ്റെ എല്ലാ ഇടവകകളിലേയും ക്വയർ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ‘ആരാധന സംഗീതത്തിൻ്റ ആത്മീയത’ എന്ന വിഷയത്തെ ആസ്‌പദമാക്കി അർദ്ധദിന സമ്മേളനം നടത്തി. അന്നേദിവസം രാവിലെ ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനി വി. കുർബ്ബാന അർപ്പിച്ചു. തുടർന്ന് നടന്ന സംഗീത ക്ലാസിന് മൈലപ്ര മാർ കുര്യാക്കോസ് ആശ്രമ അംഗവും പ്രസിദ്ധ സംഗീതജ്ഞനുമായ റവ. ഫാ. ജോൺ സാമുവൽ നേതൃത്വം നൽകി. തുടർന്ന് ശ്രുതി സ്‌കൂൾ ഓഫ് മ്യൂസിക് അസി. ഡയറക്ടർ റവ. ഫാ. അനുപ് രാജു മ്യൂസിക് ക്ലാസ് എടുത്തു. പെരുന്നാളിൻ്റെ സന്ധ്യക്കും ഞായറാഴ്‌ചത്തെ വി. കുർബാനയ്ക്കും അങ്കമാലി മെത്രാസനത്തിൻ്റെ അഭി. യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. പെരുന്നാൾ സന്ധ്യയിൽ സെമിത്തേരി ചാപ്പലിലേയ്ക്കുള്ള പ്രദക്ഷിണം ഭക്തിപൂർവ്വം നടത്തപ്പെട്ടു. ഞായറാഴ്‌ചത്തെ പ്രദിക്ഷണത്തിനും ആശീർവാദത്തിനും ശേഷം നടന്ന പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു. പള്ളിയുടെ ഫൈനാൻസ് സൂപ്രണ്ട് എൽദോ വർഗീസ് താമരപ്പിള്ളിൽ, സെക്രട്ടറി വിവിൻ പോൾ കുളങ്ങര എന്നിവരും കൺവീനർ കെ. ജെ. ബെന്നി കുന്നത്ത് മറ്റത്തിലും വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ക്രിസ്‌തുമസ് ഗാനസന്ധ്യയും കുടുംബസംഗമവും

2024 ലെ ക്രിസ്തുതുമസ് ഗാനസന്ധ്യയും കുടുംബസംഗമവും 2024 ഡിസംബർ 24 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി വരെ നടത്തപ്പെട്ടു. സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം നടന്ന ക്രിസ്മസ് ഗാനശുശ്രൂഷയ്ക്ക് ശ്രീ. തോമസ് ജോണിൻ്റെ നേതൃത്വത്തിലുള്ള കത്തീഡ്രൽ ക്വയർ സംഘം ഗാനശുശ്രൂഷ നടത്തി. ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി മെത്രാസനത്തിൻ്റെ അഭി. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ക്രിസ്‌മസ് സന്ദേശം നൽകി. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

ക്രിസ്മ‌സ് കരോൾ, ഭവന സന്ദർശനം

2024 ഡിസംബർ 15, 17, 20 തീയതികളിൽ ഇടവകയിലെ ആറ് പ്രാർത്ഥനാ ഗ്രൂപ്പുകളിൽ നിന്നുള്ള കരോൾ സംഘങ്ങൾ അതാത് ഏരിയായിലെ കുടുംബങ്ങൾ സന്ദർശിച്ചു. ഏറ്റവും അനുഗ്രഹകരമായ ഒരു ശുശ്രൂഷയായിരുന്നു ഇത്. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുത്ത പ്രാർത്ഥനാഗ്രൂപ്പ് ഭാരവാഹികളോടുള്ള ഇടവകയുടെ നന്ദി രേഖപ്പെടുത്തുന്നു.

മുൻ അഡ്വൈസറി കമ്മിറ്റി

ഇടവകയുടെ 2022-2025 അഡ്വൈസറി കമ്മിറ്റി 2022 ആഗസ്റ്റ് 17 ന് ഇടവക മെത്രാപ്പോലീത്തായുടെ നമ്പർ 43/22 കല്‌പന പ്രകാരം പള്ളിയുടെ ചുമതല ഏറ്റെടുത്തു. ഈ കമ്മിറ്റി 2025 ഏപ്രിൽ മാസം വരെ തുടർന്നു.

കമ്മിറ്റിയംഗങ്ങൾ

  1. ശ്രീ. എൽദോ വർഗീസ്, താമരപ്പിള്ളിൽ (ഫിനാൻസ് സുപ്രണ്ട്)
  2. ശ്രീ. വിവിൻ പോൾ, കുളങ്ങര (സെക്രട്ടറി)

അംഗങ്ങൾ

  1. ശ്രീമതി ലില്ലി എബ്രഹാം, മുടയംകാട്ടിൽ
  2. ശ്രീ. റ്റോബിൻ ജോർജ് ജോസഫ്, പുളിക്കീൽ
  3. ശ്രീ. ജയ്ജോ ജേക്കബ്, കളപ്പുരയ്ക്കൽ
  4. ഡോ. നിഷിൻ കെ. ജോൺ, കളരിക്കൽ
  5. ശ്രീ. കെ. ജെ. ബെന്നി, കുന്നത്തുമറ്റത്തിൽ
  6. ശ്രീ. റെജി എം. ജേക്കബ്, മണ്ണാർകുഴിയിൽ
  7. ശ്രീ. ബിനീഷ് പി. കെ., പറക്കോട്ടിൽ
  8. ശ്രീ. എൽദോസ് ജോൺ, കുനംപേഴുങ്കൽ
  9. ശ്രീ. റോയി ഐസക്, കാരിക്കാട്ട്
  10. ശ്രീമതി ബീന രാജു, നെട്ടൂർക്കോട്ട് പുത്തൻപുര
  11. ശ്രീ. ബേബി ചെറിയാൻ, മറ്റമന
  12. ശ്രീമതി മെറീന മാത്യു, വടക്കേമുട്ടപ്പിള്ളിൽ
  13. ശ്രീമതി ജിഷ പി. എബ്രഹാം, പീടികക്കുടിയിൽ

2022-2025 കാലഘട്ടത്തിൽ കത്തീഡ്രൽ പള്ളി അഡ്വൈസറി കമ്മിറ്റി അംഗങ്ങളെന്ന നിലയിൽ നിർവ്വഹിച്ച എല്ലാ ശുശ്രൂഷകൾക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

ഉപസംഹാരം

കത്തീഡ്രൽ ഇടവകയുടെ ചില പ്രധാന പ്രവർത്തനങ്ങൾ മാത്രം കോർത്തിണക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തുന്നതിന് സാധിച്ചിട്ടില്ല. തുടർന്നുള്ള സമയത്ത് അത് നിർവ്വഹിക്കുവാൻ സാധിക്കുമെന്ന് കരുതുന്നു. ഇടവകയുടെ കഴിഞ്ഞ കാലത്തെ ചരിത്രത്തിൽ വഴിവിളക്കായിത്തീർന്ന ഈ ഓർമ്മകളെ നിങ്ങളുടെ മുമ്പിൽ റിപ്പോർട്ടായി സമർപ്പിക്കുന്നതോടൊപ്പം ഇതുവരെയും നടത്തിയ ദൈവകൃപകൾക്കുമുമ്പിൽ ശിരസ്സുനമിച്ചുകൊണ്ടും ഉപസംഹരിക്കുന്നു.

കർതൃശുശ്രൂഷയിൽ,

ഫാ. എബ്രാഹം കാരാമ്മേൽ
ഫാ. സിബി മാത്യു വർഗീസ്
(വികാരിമാർ)

ബെയ്‌സി ജോർജ്
(ഫിനാൻസ് സൂപ്രണ്ട്)

എൽദോസ് ജോൺ
(സെക്രട്ടറി)

മുവാറ്റുപുഴ
23-11-2025

Scroll to Top