മലമുകളിൽ തേജസ്സിൽ മുങ്ങിനിൽക്കുന്ന ഗുരുവിനെ കണ്ടപ്പോൾ ശിഷ്യന് ഒരു പൂതി… ശിഷ്ടകാലം നമുക്ക് ഇവിടെയങ്ങു താമസിച്ചാലോ. മൂന്നു കൂടാരമടിക്കാം; ഒന്നു ഗുരുവിനു, ഒന്നു മോശക്കു, ഒന്ന് ഏലിയാവിന്. ആത്മവിവശതയിൽ തന്നെത്തന്നെ മറന്നുപോകുന്ന ശിഷ്യൻ. ഒരു തികഞ്ഞ ഭക്തന്റെ എല്ലാ ലക്ഷണവുമില്ലേ? “യേശുവോട് ചേർന്നിരിപ്പതെത്ര മോദമേ” എന്ന് ദിനവും പാടുന്ന, ‘ഉപവസിക്കുകയെന്നാൽ അടുത്ത് വസിക്കുക’ എന്ന് ധ്യാനിക്കുന്ന യഥാർത്ഥ ക്രിസ്ത്യാനിയുടെ മനോഭാവം, അല്ലേ? പത്രോസ് ഇങ്ങനെ മൊഴിഞ്ഞപ്പോൾ ശരിക്കും യോഹന്നാന്റെയും, യാക്കോബിന്റെയും മനസ്സിൽ ലഡ്ഡു പൊട്ടി. എന്തെല്ലാം സ്വപ്നങ്ങൾ നിമിഷനേരംകൊണ്ട് കണ്ടുകാണും. മലയുടെ മുകളിൽ ഞാനും, എന്റെ യേശുവും, അത്യാവശ്യം രണ്ടു ചങ്ങാതിമാരും, പിന്നെ മോശയും, ഏലിയാവും. ആഹാ അന്തസ്സ്. രാവിലെ എഴുന്നേൽക്കുന്നു, പ്രാർത്ഥിക്കുന്നു, കാപ്പി കുടിക്കുന്നു, വീണ്ടും പ്രാർത്ഥിക്കുന്നു, വേദശാസ്ത്രം പഠിക്കുന്നു, വീണ്ടും പ്രാർത്ഥന, കുശലം പറച്ചിൽ, പാചകം, പഠനം, സന്ധ്യ, സൂത്താറാ, ഉറക്കം… ആഹാ എന്ത് സുഖം. എന്താടാ വിജയാ ഈ ബുദ്ധി നമുക്ക് നേരത്തേ തോന്നാത്തത് എന്നമട്ടിൽ അവർ പത്രോസിനെ ഒന്നു നോക്കി. എന്തോ വല്യ വർത്തമാനം പറഞ്ഞ ചാരിതാർത്ഥ്യത്തിൽ പത്രോസ് നെഞ്ചുവിരിച്ചു നിന്നു. എന്നാൽ അല്പം സഹതാപത്തോടെ കർത്താവ് അവനെ അടിമുടി ഒന്നു നോക്കി. നീ കൊള്ളാമെല്ലോടാ എന്നു മനസ്സിൽ പറഞ്ഞുകാണും. ആ നോട്ടത്തിൽ പത്രോസ് ഒന്നു ചൂളി. കർത്താവിന്റെ പളുപളുത്ത കുപ്പായവും, വല്യ പ്രകാശവുമൊക്കെ കണ്ടപ്പോൾ മലമുകളിലെ ആത്മവിവശതയിൽ ഒരു നിമിഷം പത്രോസ് സകലതും മറന്നു. താഴ്വാരത്തു തങ്ങളെ കാത്തിരിക്കുന്ന ചങ്ങായിമാരെ, സൗഖ്യത്തിനായി കേഴുന്ന രോഗികൾ, അപ്പകഷണത്തിനായി കാത്തിരിക്കുന്ന പതിനായിരങ്ങൾ, എല്ലാത്തിലുമുപരി ഓരോരുത്തനും ചുമക്കേണ്ട കുരിശ്. എല്ലാം വിട്ട് മലമുകളിലെ മുനിയെപ്പോലെ ഇരിക്കാൻ പ്രത്യേകിച്ച് ആയാസമൊന്നും വേണ്ടല്ലോ. ഒന്നാലോചിച്ചാൽ മലമുകളിലെ വാസം എത്ര മനോഹരമാണ്, അതിലേറെ സുരക്ഷിതമാണ്. അന്നുമുതൽ മലമുകളിൽത്തന്നെ കൂടാരമടിച്ചു താമസിച്ചിരുന്നെങ്കിൽ ആരും ക്രിസ്തുവിനെ തൊടില്ലായിരുന്നു. ഒരു കഷ്ടതയും, കുരിശും ഏൽക്കേണ്ടി വരില്ലായിരുന്നു. എന്നുമാത്രമല്ല ആ മലയിൽ അല്പം ആത്മീയ ടൂറിസം (spiritual tourism) മുന്നിൽകണ്ടു പ്രവർത്തിച്ചാൽ പത്തു കാശും ഉണ്ടാക്കാം. എന്നാൽ അവൻ അവതരിപ്പിക്കുന്ന ശുശ്രൂഷ അതല്ലല്ലോ.
നമ്മുടെ ഇടയിലുമുണ്ട് അങ്ങനെ പുറം ലോകം ഇന്നുവരെയും സ്പർശിക്കാത്ത ഭക്ത കോമരങ്ങൾ. വെറുതെ ആത്മവിവശതയിൽ തുള്ളാനല്ലാതെ പരിക്കേൽക്കാൻ മനസില്ലാത്ത ശിഷ്യത്വത്തിന്റെ ഉടമകൾ. പക്ഷേ വി. വേദം പറയുന്നു, “അനന്തരം അവൻ മലയിൽ നിന്നിറങ്ങി സമതലത്തു/താഴ്വാരത്തു നിന്നു.” കാരണം അവനറിയാം, മലമുകളിലെ കൂടാരമല്ല മറിച്ചു താഴ്വാരത്തെ കുരിശാണ് തനിക്കുള്ള സമ്മാനമെന്നു. പളുപളുത്ത കുപ്പായമിട്ടു പദവിയിൽ കയറിനിൽക്കുമ്പോൾ, അധികാരത്തോടെ സമാധാനം ആഞ്ജാപിക്കുമ്പോൾ ഇതുകൊള്ളാമെന്നൊരു തോന്നലൊക്കെയുണ്ട്. പക്ഷേ പദവികളിൽ നിന്നും താഴെക്കിറങ്ങാനാണ് കല്പന. കൂടാരപ്പെരുന്നാൾ, മലമുകളിൽ സ്വാർത്ഥതയുടെ, സുരക്ഷിതത്വത്തിന്റെ കൂടാരമടിക്കാനല്ല ക്രിസ്തുവിന്റെ ആഹ്വാനം. മറിച്ചു സുരക്ഷിത കൂടാരങ്ങൾ വിട്ട് താഴ്വാരത്തെ പരുപരുത്ത യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനാണ് അവൻ നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നത്.
ഫാ. സിബി മാത്യു വർഗീസ്
ചീഫ് എഡിറ്റർ











